മദ്യാപാനം, പുകവലി അങ്ങനെ ദുശ്ശീലങ്ങള്‍ ഏറെയുള്ളവര്‍ക്കിടയില്‍ അപൂര്‍വമായ ഒരു ദുശ്ശീലംകൊണ്ട് വ്യത്യസ്തയാവുകയാണ് ഒരു എഴുപത്തെട്ടുവയസ്സുകാരി. മണല്‍തീറ്റ ശീലമാക്കിയ ഈ അമ്മൂമ്മയുടെ പേര് കുസുമവതി. ദിവസവും രണ്ടു കിലോ മണലെങ്കിലും അകത്തുചെന്നാലേ കക്ഷിക്കു സമാധാനമുള്ളൂ.
അമ്മൂമ്മയുടെ ഈ ദുശ്ശീലം എങ്ങനെയെങ്കിലും നിര്‍ത്തണമെന്നാവശ്യപ്പെട്ട് ചികിത്സാമാര്‍ഗം തിരഞ്ഞ് ഓടിനടക്കുകയാണ് കൊച്ചുമക്കള്‍. എന്നാല്‍ ഈ മണല്‍തീറ്റി കൊണ്ട് ഇതുവരെ ഒരു തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും 63 വര്‍ഷമായി തുടരുന്ന ഈ ശീലം നിര്‍ത്താന്‍ ഉദ്ദേശമില്ലെന്നും കുസുമവതി തുറന്നടിക്കുന്നു.
15 വയസ്സിലാണ് ആദ്യമായി മണല്‍ കഴിച്ചു തുടങ്ങിയതെന്നും ആദ്യമൊക്കെ ചെറിയ വയറുവേദന തോന്നിയെങ്കിലും പിന്നീടങ്ങോട്ട് ഒരു അസ്വസ്ഥതയും തോന്നിയിട്ടില്ലെന്നും ഇതുവരെ ഡോക്ടര്‍മാരെ സന്ദര്‍ശിക്കേണ്ട അവസ്ഥ വന്നിട്ടില്ലെന്നും അമ്മൂമ്മ പറയുന്നു. കടുകട്ടിയുള്ള കല്ലുകള്‍ പോലും കടിച്ചു ചവയ്ക്കാന്‍ കഴിയുന്ന കരുത്തുറ്റ പല്ലുകളാണ് തന്‍േറതെന്നും അമ്മൂമ്മ കൂട്ടിച്ചേര്‍ക്കുന്നു.
മണലിലടങ്ങിയിരിക്കുന്ന ധാതുക്കളാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നും അതുകൊണ്ടാണ് ഈ പ്രായത്തിലും പാടത്തുപണിയെടുക്കാന്‍ തനിക്ക് കഴിയുന്നതെന്നും അമ്മൂമ്മ പറയുന്നു. ''മണല്‍ തിന്നുന്നുവെന്നു പറഞ്ഞ് എന്നെ ഡോക്ടറെ കാണിക്കാനും ഈ അഡിക്ഷനില്‍ നിന്നും രക്ഷിക്കാനുമൊക്കെയുള്ള ശ്രമങ്ങള്‍ കൊച്ചുമക്കള്‍ നടത്തുന്നുണ്ട്. അതെന്തിനാണെന്ന് എനിക്കിനിയും മനസ്സിലാകുന്നില്ല''-അമ്മൂമ്മ പറയുന്നു. ''ഇന്നും ആരോഗ്യത്തോടെയിരിക്കുന്നതിനുള്ള എല്ലാ ക്രെഡിറ്റും ഞാന്‍ മണലിനാണ് നല്‍കുന്നത്''. അമ്മൂമ്മ പറയുന്നു.
No comments:
Post a Comment