belive it or not

Friday, January 6, 2017

പാമ്പുമേക്കാട്ടുമന

കേരളത്തിലെ സുപ്രസിദ്ധമായ സർപ്പാരാധനാകേന്ദ്രമാണ് പാമ്പു മേക്കാട്ടുമന. കേരളത്തിൽ തൃശൂർ ജില്ലയിൽ മുകുന്ദപുരം താലുക്കിൽ വടമ വില്ലേജിലാണ് പാമ്പു മേക്കാട്ട് ഇല്ലം സ്ഥിതി ചെയ്യുന്നത്. ഐതിഹ്യങ്ങൾ നിറഞ്ഞ ‘പാമ്പു മേക്കാട്’ ഒരു കാലത്ത് ‘മേക്കാട്’ മാത്രമായിരുന്നു. മേക്കാട്ടുമനയിൽ സർപ്പാരാധന ആരംഭിച്ചതോടെയാണ്‌ പാമ്പു മേക്കാട് എന്നറിയപ്പെടാൻ തുടങ്ങിയത്. ഇവിടുത്തെ സർപ്പാരാധനയുടെ തുടക്കത്തെപറ്റി വ്യക്തമായ ചരിത്രരേഖകളൊന്നുമില്ല. ഐതിഹ്യങ്ങളെയും പുരാവൃത്തങ്ങളേയും ആശ്രയിക്കുകയേ നിവൃത്തിയുള്ളു.

ഐതിഹ്യം

മേക്കാട്ട്മന കവാടം
മന്ത്രതന്ത്ര പ്രവീണരായിരുന്നുവെങ്കിലും ദുസ്സഹമായ ദാരിദ്ര്യദുഃഖം അനുഭവിക്കാനായിരുന്ന് മേക്കാട്ടുമനക്കാരുടെ വിധി. അക്കാലത്തൊരിക്കൽ, ദാരിദ്ര്യദുഃഖത്തിന് നിവൃത്തിയുണ്ടാക്കണമെന്ന പ്രാർത്ഥനയുമായി മനയ്ക്കലെ മൂത്ത നമ്പൂതിരി ചരിത്ര പ്രസിദ്ധമായ തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ,ഒരു വ്യാഴവട്ടകാലം നീണ്ട്നിൽക്കുന്ന ഭജനമിരിക്കാൻ ആരംഭിച്ചു. ഒരു രാത്രി വാസുകി എന്ന സർപ്പരാജൻ കൈയ്യിൽ മാണിക്യകല്ലുമായി പ്രത്യക്ഷപ്പെടുകയും വരങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. സർപ്പരാജന്റെ സാന്നിദ്ധ്യം തന്റെ ഭവനത്തിൽ എല്ലായ്പ്പോഴും ഉണ്ടാകണമെന്നും തന്റെ ദാരിദ്ര്യദുഃഖത്തിന് അറുതിവരുത്തണമെന്നും വരം അരുളാൻ ആവശ്യപ്പെട്ടെന്നും, വാസുകി നൽകുകയും ചെയ്തു എന്നുമാണ് വിശ്വാസം.

മനയ്ക്കൽ എത്തിയ നമ്പൂതിരിയുടെ ഓലക്കുടയിൽ പിണഞ്ഞിരുന്ന നാഗത്താനെയാണ് മേക്കാട്ടുമനയിലെ പരദേവതയായി കിഴക്കിനിയിൽ പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം. നാഗയക്ഷിയുടെയും വാസുകിയുടെയും കല്പനകൾ അനുസരിച്ച് മേക്കാട്ടുമനയിലെ ആളുകൾ ജീവിക്കാനാരംഭിച്ചു എന്നാണ് ഐതിഹ്യം. ഈ കഥയാണ് കൊട്ടാരത്തിൽ ശങ്കുണ്ണി, ‘ഐതിഹ്യമാല’യിൽ പാമ്പു മേക്കാട്ടുമനയിലെ നമ്പൂതിരിമാരുടെ സർപ്പാരാധന പ്രാധാന്യത്തിനു തെളിവായി കാണിക്കുന്നത്.

ചരിത്രം

നാഗയക്ഷി
മനയിലെത്തുന്ന നാഗങ്ങളെ യാതൊരു കാരണവശാലും ഉപദ്രവിക്കരുതെന്നും, മനപറമ്പ് കിളയ്ക്കുകയോ ഉഴുതുമറിക്കുകയോ ചെയ്യരുതെന്നും, പറമ്പിന്റെ ഒത്തനടുവിൽ ഉള്ള എട്ടുകെട്ടിലെ അടുക്കളയിലല്ലാതെ മറ്റൊരു ദിക്കിലും തീകത്തിക്കരുതെന്നും മറ്റുമുള്ള നിർദ്ദേശങ്ങളാണ് ഇവിടെ ഉള്ളത്. പാമ്പു മേക്കാട്ടുമനയിലെ അംഗങ്ങൾ നാഗങ്ങളെ ‘പാരമ്പര്യങ്ങൾ‘ എന്നാണ് വിളിക്കുക. മനയിൽ ഒരു ജനനം ഉണ്ടായാൽ ശിശുവിനെ സ്വീകരിക്കാൻ പാരമ്പര്യങ്ങൾ എത്തുമത്രെ. മരണം സംഭവിച്ചാൽ ഒരു പാരമ്പര്യവും മരിക്കും എന്നാണ് വിശ്വാസം. പറമ്പിലെങ്ങും തീ കത്തിക്കാൻ അനുവാദമില്ലാത്തതിനാൽ ‘തെക്കേക്കാവ്’ എന്നറിയപ്പെടുന്ന തെക്കേപറമ്പിലാണ് പാരമ്പര്യത്തിനും നമ്പൂതിരിക്കും ചിതയൊരുക്കുന്നത്. മനയിലെ അംഗങ്ങളും നാഗങ്ങളും തമ്മിലുള്ള ആത്മബന്ധം ഇവിടെ പ്രകടമാകുന്നു.

ഇരുളിലാണ്ട ആചാരങ്ങൾ 


ഏകദേശം ആറോ ഏഴോ വർഷങ്ങൾക്ക് മുമ്പുവരെ പാമ്പു മേക്കാട്ട്മനയിൽ “എണ്ണയിൽ നോക്കൽ“ എന്ന ചടങ്ങ് നടത്തിവന്നിരുന്നു. മനയിലേക്ക് വേളികഴിച്ച് കൊണ്ടുവരുന്ന സ്ത്രീകൾക്കാണ് കുടുംബത്തിൽ സ്ഥാനം. അങ്ങനെയുള്ള സ്ത്രീയായിരിക്കും ഈ ചടങ്ങ് നടത്തുന്നത്. ഒരു പാത്രത്തിൽ, കെടാവിളക്കിലെ എണ്ണയെടുത്ത്, അതിൽ നോക്കിക്കൊണ്ട് സർപ്പദോഷങ്ങളെ കുറിച്ച് പ്രവചിക്കുകയും അതിനു പരിഹാരം നിർദ്ദേശിക്കുകയുമാണു ചെയ്തിരുന്നത്. ഇതിന് പ്രത്യേക പരിശീലനം അത്യാവശ്യമാണു. അതുകൊണ്ടായിരിക്കും ഇത് കൈവശമാക്കാൻ ആരും ശ്രമിക്കാത്തത്. മാത്രമല്ല, പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കാൻ ജ്യോത്സ്യന്മാർക്ക് കഴിയുമെന്നതിനാൽ, ഈ മനയ്ക്കലേക്ക്, സർപ്പദോഷം ഉണ്ടോ എന്നറിയാൻ വേണ്ടിയല്ല ദോഷപരിഹാരത്തിന് വേണ്ടിയാണ് ആളുകൾ വരേണ്ടത് എന്നു മനക്കാർക്ക് തോന്നുകയുമുണ്ടായി. അങ്ങനെ “എണ്ണയിൽ നോക്കൽ“എന്ന അപൂർവ്വ ചടങ്ങ് പാമ്പു മേക്കാട്ടുമനയ്ക്ക് അന്യമായി എന്നു പറയാം.

അതുപോലെ, തെക്കേക്കാവിൽ വളരുന്ന ഒരു ചെടിയുടെ ഇലകൾ പറിച്ച്, മനയുടെ തെക്കിനിയിൽ വച്ച് കാച്ചിയെടുക്കുന്ന ഒരു പ്രത്യേകതരം എണ്ണ കുഷ്ടരോഗത്തിന് വിശിഷ്ടമായ ഔഷധമായിരുന്നുവത്രേ. വർഷങ്ങൾക്ക് മുമ്പുതന്നെ ഈ രോഗചികിത്സ നിന്നുപോയിരിക്കുന്നു. മനയ്ക്കലെ ഇന്നത്തെ ഒരു വ്യക്തിക്കും ആ സസ്യത്തെ കുറിച്ചോ അതിന്റെ ഔഷധഗുണത്തെ കുറിച്ചോ കാര്യമായി ഒന്നും തന്നെ അറിയില്ല.

ഇങ്ങനെ നിന്നുപോയ ആചാരാനുഷ്ടാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് “നാഗബലി”. ഇത്ര വിശിഷ്ടവും പ്രയാസമേറിയതുമായ ചടങ്ങ് തുടർന്നുകൊണ്ടു പോകാനുള്ള ശക്തിയും ധൈര്യവും സാഹചര്യവും ഇല്ലാത്തതുകൊണ്ടായിരിക്കണം ഇതും തലമുറകൾക്ക് മുമ്പേ ഇല്ലാതായത്.

No comments:

Post a Comment